Soul Food

"വീട് എവിടെയാ" എന്ന് പണ്ടൊക്കെ ആൾകാർ ചോദിക്കുമ്പോൾ ഞാൻ എന്ത് പറയണം എന്ന് അന്തം വിട്ടിരുന്നു. ഞാൻ പഠിച്ചുകൊണ്ടിരുന്ന airforce balbharati എന്ന് ഒരിക്കൽ ഉത്തരം പറഞ്ഞപ്പോൾ ഒരു ആന്റി കുറെ ചിരിച്ചു. കാരണം ഒരു 13  വയസ്സ് വരെ ഇന്ത്യയൊട്ടാകെ സഞ്ചരിക്കയല്ലാതെ വീടെവിടെയാ എന്ന് ഒരാളും പറഞ്ഞു തന്നില്ല.. ഒരിക്കൽ ഞാനത് സ്വയം കണ്ടുപിടിക്കയ തന്നെ ചെയ്തു... ആരും പറഞ്ഞതല്ല. പക്ഷെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഞാൻ അത് മനസിലാക്കിയത്!  അത് വരെ മലയാളി എന്ന് വിശ്വസിച്ചിരുന്ന ഞാൻ, യഥാർത്ഥത്തിൽ ഒരു "സങ്കര" ആണെന്ന്  അപ്പോഴാണ് പുടികിട്ടീത് ... 

കൊണ്ടാട്ടം, ഇലുമ്പിച്ചം പഴം സാദം, തൈർ സാദം, പൊങ്കൽ, പനിയാരം,  മെദു വട എന്നിവ മലയാളികളുടേത് എന്ന് അഹങ്കരിച്ചിരുന്ന ഞാൻ അത് തമിഴ് വിഭവങ്ങളാണെന്നു അറിഞ്ഞപ്പോൾ അത്ഭുതം കൊണ്ട് കൂറി. "അതെങ്ങനെയാ നമ്മൾ മലയാളികൾ ആണെങ്കിൽ തമിഴ് വിഭവങ്ങൾ ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാക്കുന്നത്?" എന്ന എന്റെ "നിഷ്കളങ്കമായ"  ചോദ്യത്തിനുത്തരമായി എന്റെ അച്ഛമ്മ നാല് തമിഴ് ഡയലോഗുകൾ അങ്ങട് കാച്ചികളഞ്ഞു ! 

അപ്പഴല്ലേ ഗുട്ടൻസ് മനസിലായത്! എന്റെ അച്ഛമ്മ പക്കാ തമിഴത്തിയാണ്! മധുരൈക്കാരി. അച്ഛച്ചൻ (അച്ഛന്റെ അച്ഛൻ) ആണെങ്കിലോ.. തലൈമന്നാർ ആണ് പുള്ളീടെ സ്വദേശം. അതോ, അങ്ങ് ശ്രീലങ്കയിലും! പകച്ചു പോയി ഞാൻ! ഇത് വരെ അറിഞ്ഞേയില്ല! ഇടയ്ക്കിടെ വീട്ടിൽ വട്ടളപ്പൻ എന്ന ഒരു പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു.. അതും കേരളത്തിന്റെ മാത്രമെന്ന് അഹങ്കരിച്ചു നടന്നിരുന്നു ഞാൻ. ഈ ചരിത്രമൊക്കെ അറിഞ്ഞ ശേഷമാണ് ഞാൻ മനസിലാക്കുന്നത്; അതൊരു ശ്രീലങ്കൻ പലഹാരമാണ്. ഞഞ്ഞായി ! 

ഇതെല്ലാം അറിഞ്ഞ ഞെട്ടലിൽ നിന്ന് മോചിതയായപ്പോഴേക്കും ദാ .... അച്ഛൻ ജനിച്ചതോ അങ്ങ് ധനുഷ്‌കോടിയിലും .. അതിപ്പോ കടലിനടിയിൽ ആണ് താനും. അച്ഛന് അഞ്ചു വയസുള്ളപ്പോളാണ് ആ കൊടുങ്കാറ്റും പേമാരിയും വന്നത്. അവർ അന്ന് ക്രിസ്തുമസ് വെക്കേഷന് മധുരൈയിൽ ആയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു ത്രെ! വീടും, കിടപ്പാടവും, കടലെടുത്തു. എല്ലാം നഷ്ടപെട്ട അവർ പലായനം ചെയ്തു തൃച്ചിയിലേക്ക്.. അച്ഛൻ കല്യാണം കഴിച്ചത് ഒരു കോയിക്കോട്ട്കാരി മലയാളിയെയും. 

ഏതായാലും ഈ കഥയൊക്കെ പറഞ്ഞത് വെറുതെയല്ല. ഞാൻ ഒരിക്കലും ഒരു പക്കാ മലയാളി ഭക്ഷണം വീട്ടിൽ ഉണ്ടാക്കിയിട്ടേയില്ല.. എപ്പോഴും ഒരു കോമ്പിനേഷൻ ആണ്. അവിടുന്ന് കുറച് , ഇവിടുന്നു കുറച്...  അതായത് ഉത്തമാ... സാമ്പാറിന്റെ കൂടെ ഏപ്പോഴും കൊണ്ടാട്ടം നിർബന്ധാ..!!   


ചോറ് , മോര് കൊളമ്പ്, ചീര വഴറ്റൽ (തമിഴ് സ്റ്റൈൽ, പപ്പാസ് റെസിപ്പി), പൊടി ചട്നി, അയല വറുത്തത്.. !! 

ചോറ്, കായ മോർ കൊളമ്പ്, പയർ കരമേത്, മധുരൈ സ്റ്റൈൽ തക്കാളി കൊണ്ടാട്ടം, കിളിമീൻ വറുവൽ, ഗോങ്കുര ഇഞ്ചി അച്ചാർ ... 

Comments

Popular posts from this blog

Gokarna Map_ take and travel